ഹൂസ്റ്റണ്‍: ഇതിഹാസ നടന് മോഹന്‍ലാലും സംഘവും ഹൂസ്റ്റണിൽ എത്തി. വെള്ളിയാഴ്ച നടക്കുന്ന "കിലുക്കം 25: മോഹന്‍ലാല്‍ ലൈവ് സ്റ്റേജ് ഷോ'യിൽ പങ്കെടുക്കാനാണ് താരം ഹൂസ്റ്റണിൽ എത്തിയത്.
19 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംഘവും അമേരിക്കയിൽ എത്തുന്നത്. വെള്ളിയാഴ്ച വെെകുന്നേരം 6.30ന് ടെക്സസിലെ ഷുഗര്‍ലാന്‍ഡിലുള്ള സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ സെന്ററിലാണ് മെഗാഷോ അരങ്ങേറുന്നത്.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ ഹൂസ്റ്റണിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.
ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന "കിലുക്കം 25' വിൻസർ ഹോം ലെൻഡിംഗിന്റെ സഹകരണത്തോടെയാണ് നടക്കുന്നത്. വിൻസർ എന്റർടെയിൻമെന്റാണ് പരിപാടിയുടെ മാനേജ്മെന്റ്.
മോഹൻലാലിനൊപ്പം മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസി, ജ്യോത്സന, ഭാമ, നോബി, കുട്ടി അഖിൽ, അപർണ മൾബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ് എന്നിവരടങ്ങുന്ന താരനിര അണിനിരക്കും.
സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവം എന്നിവ ഒരുമിച്ചുചേർന്ന ഒരു ഗ്രാൻഡ് ലൈവ് സ്റ്റേജ് ഷോ ആയിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ശബ്ദ - ദൃശ്യ സംവിധാനങ്ങളുള്ള സ്മാർട്ട്ഫിനാൻഷ്യൽ സെന്ററിൽ ഏകദേശം 6,000ത്തിലധികം പ്രേക്ഷകർ പങ്കെടുക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്.
കുടുംബങ്ങൾ, പ്രഫഷണലുകൾ, വ്യവസായികൾ, സമൂഹനേതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരടങ്ങുന്ന വൈവിധ്യമാർന്ന പ്രേക്ഷകസമൂഹം ഈപരിപാടിയുടെ പ്രത്യേകതയായിരിക്കും.
മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക അഭിമാനവും ആഘോഷിക്കുന്ന ഈമഹത്തായ പരിപാടി, അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സീറ്റ് ഉറപ്പാക്കുവാൻ: ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) - (832) 997-9788, ഫാ. ജോൺസൺ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) - (346) 332-8889, ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) - (469) 644-2800, തോമസ് പണിക്കർ (ട്രഷറർ) - (832) 539-3843, മനോജ് മാത്യു (സെക്രട്ടറി) - (281) 226-0499, ഡോ. സക്കറിയ തോമസ് (ഷൈജു) - (832) 643-9942 (ജനറൽ കൺവീനർ).